'കാഫിറി' ൻ്റെ 'പിതൃത്വം' ഒഴിയാൻ 25 ലക്ഷം ഓഫർ വച്ച് ഡിവൈഎഫ്ഐ, കുടുക്കാൻ 25 വച്ച് യൂത്ത് കോൺഗ്രസും. പൊലീസിനെ ഏൽപ്പിച്ച് കെ.മുരളീധരൻ, ഗാഡ്ജറ്റ് കൊടുത്താൽ തെളിയിച്ചു കൊടുക്കാമെന്ന് ചാമക്കാലയും....... തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ദുഷിച്ചു നാറിയ വർഗീയ പ്രചാരണങ്ങളുടെ പിതൃത്വം ഒഴിയാൻ വല്ലാത്ത ഓഫറുകളും വിശ്വസിക്കാൻ വയ്യാത്ത ന്യായീകരണങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടറിയും വിശ്വവിഖ്യാത ടീച്ചറമ്മയും ഡിവൈഎഫ്ഐയും ഒക്കെയായി ഒരു മൂലയ്ക്കും പൊലീസ് കേസുമായി കോടതി വരാന്തയിലും കടകത്തിൽ ഒഴിവ് അനുവദിക്കാതെ യൂത്ത് കോൺഗ്രസും നിൽപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. ചുമ്മാ വന്ന് നിന്ന് ന്യായീകരണം അടച്ചിട്ട് ഡിവൈഎഫ്ഐയുടെ ഗൗരവമുഖങ്ങളുള്ള നേതാക്കൾ മാധ്യമങ്ങളുടെ മുന്നിൽ വന്ന് പോകുന്നത് കണ്ട് കേരളത്തിലെ കുട്ടികൾ കാർട്ടൂൺ ചാനൽ കാണുന്നത് അവസാനിപ്പിച്ച് വാർത്താ ചാനൽകണ്ടു ചിരിക്കാൻ തുടങ്ങിയെന്നാണ് നാട്ടിൽ കേൾവി. എങ്ങനെയെങ്കിലും കാഫിറിനെ കടഞ്ഞെറിഞ്ഞ് പിതൃത്വം കോൺഗ്രസ് പരിവാറിൻ്റെയും ലീഗ് അണ്ണൻമാരുടെയും തലയിൽ ഇടണമെന്നാണ് ഗോവിന്ദൻ മുതൽ ഗോപാലൻ വരെയുള്ള സകല ദാസപ്പൻമാരുടെയും ലക്ഷ്യം. 25 ലക്ഷം കാഫിറിൻ്റെ പിതൃത്വത്തിന് ഡിവൈഎഫ്ഐ ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. ഒരു ഓഫർ,,,,,,,അത്രേ ഉള്ളൂ. പൊതുജനത്തിൻ്റെ കണ്ണിൽ പൊടി വാരി ഇടുന്നതിൽ പണ്ടേ തന്നെ വിദഗ്ധരായ ഡിവൈഎഫ്ഐയുടെ തന്ത്രങ്ങൾ സോഷ്യൽ മീഡിയ കാലത്ത് പണ്ടേ പോലെ ഫലിക്കുന്നില്ല. 25 ലക്ഷവുമായി കാഫിറിനെ കാണാനുണ്ടോ എന്ന് ചോദിച്ച് കറങ്ങി നടക്കുകയാണ് അവർ.ഒടുവിൽ 25 ൻ്റെ ബദലുമായി എല്ലാവരും എത്തിയതോടെ ഡിവൈഎഫ്ഐ മൗനത്തിലേക്ക് ഓടിക്കയറിയിരിപ്പാണ്.
റിബേഷ് കുറ്റക്കാരനെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ പ്രഖ്യാപിച്ചാണ് ഡിവൈഎഫ്ഐ പോരാട്ട വീര്യം കൂട്ടാൻ ഉള്ള ശ്രമത്തിലുമാണ്.
ഡിവൈഎഫ്‌ഐയുടെ 25 ലക്ഷം ഇനാം പ്രഖ്യാപനത്തിന് മറുപടിയുമായി യുത്ത് കോൺഗ്രസ് രംഗത്തെത്തി.
വടകരയിലെ 'കാഫിർ സ്ക്രീൻ ഷോട്ട്' വിവാദത്തിൽ ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ് പോസ്റ്റ് ഉണ്ടാക്കിയതെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകാമെന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.
അതേ സമയം ഡിവൈഎഫ്ഐയുടെ 25 ലക്ഷം ഇനാം പ്രഖ്യാപനത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. റിബേഷ് പ്രതികളെ തെളിയിച്ചാൽ ഡിവൈഎഫ്ഐ പ്രഖ്യാപിച്ച അത്ര തന്നെ പണം യൂത്ത് കോൺഗ്രസ് നൽകുമെന്നാണ് മറുപടി.
വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറയ്ക്കൽ അബ്‌ദുള്ളയ്ക്ക് റിബേഷ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് സമൂഹത്തിൽ വേർതിരിവുണ്ടാക്കാൻ നോക്കിയെന്നാണ് പാറയ്ക്കൽ അബ്ദുള്ളയ്ക്കെതിരെ വക്കീൽ നോട്ടീസിൽ റിബേഷ് ഉന്നയിച്ചിരിക്കുന്ന ആരോപണം.
താൻ മതസ്‌പർദ്ദ വളർത്തുന്നയാളെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച അബ്ദുള്ള സോഷ്യൽമീഡിയയിലിട്ട പോസ്റ്റിലൂടെ സമൂഹത്തിൽ വേർതിരിവുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് റിബേഷ് വക്കീൽ നോട്ടീസിൽ ആരോപിക്കുന്നത്. കാഫിർ വിവാദവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലാത്ത ആളാണ് താൻ. അതിനാൽ പാറക്കൽ അബ്‌ദുള്ള പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും ഇത് പ്രസിദ്ധീകരിക്കണമെന്നുമാണ് വക്കീൽനോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി മൂന്ന് ദിവസത്തിനുള്ളിൽ ഖേദം പ്രകടിപ്പിക്കണം. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും വക്കിൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
റിബേഷ് അയച്ച വക്കീൽ നോട്ടീസിൽ പ്രതികരണവുമായി പാറയ്ക്കൽ അബ്ദുള്ളയും രംഗത്തെത്തി. പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലെ വിവരം മാത്രമാണ് പുറത്തെത്തിയതെന്നും ഇത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ വക്കീൽ നോട്ടീസ് അയയ്ക്കേണ്ടത് ആഭ്യന്തരമന്ത്രിക്കാണെന്നും പാറയ്ക്കൽ അബ്ദുള്ള തിരിച്ചടിച്ചു.
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡണ്ടാണ് റിബേഷ്. വടകര ആറങ്ങോട്ട്എം എൽ പി സ്കൂകൂളിലെ അധ്യാപകൻ കൂടിയാണ് റിബേഷ്. 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് ആദ്യം ലഭിച്ചത് റെഡ് എൻകൗണ്ടർ വാട്‌സ് ആപ് ഗ്രൂപ്പിലാണ്. റിബേഷാണ് ഈ ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. ഇത് കണ്ടെത്തിയ പൊലീസ് റബീഷിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻഷോട്ടിൻ്റെ ഉറവിടം അറിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്.
വടകരയിലെ 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. റെഡ് എൻകൗണ്ടർ വാട്‌സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയൻ എന്ന വാട്‌സ് ആപ്പ് വഴിയും 'കാഫിർ' വ്യാജ സ്ക്രീൻ ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ വിശദമായ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
2024 ഏപ്രിൽ 25ന് ഉച്ചക്ക് 2.13നാണ് റെഡ് എൻകൗണ്ടർ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഏപ്രിൽ 25ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്‌സ്ആപ്പ് ഗ്രൂപ്പിലും സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. അമൽ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകിട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ സ്ക്രീൻഷോട്ട് പ്രചരിച്ചു. അതിൽ അഡ്‌മിൻ മനീഷ് ആണ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്‌തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീൻഷോട്ട് പ്രചരിച്ചു. അഡ്മിൻ അബ്ബാസ് ആണ് പോരാളി ഷാജി പേജിൽ ഇത് പോസ്റ്റ് ചെയ്‌തതെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഗാഡ്ജറ്റ് കിട്ടിയാൽ 48 മണിക്കൂറിനകം കേസ് തെളിയിക്കാമെന്നാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല പ്രാപിച്ചിട്ടുള്ളത്.
Kaffir's 'paternity' - 25 lakhs challenge.